മഹാബലി തമ്പുരാനെ സ്വീകരിച്ച് ഇരുത്താനുള്ള സ്ഥലമാണ് ആദ്യം അണിയിച്ച് ഒരുക്കുന്നത്. മുൻകാലങ്ങളിൽ നടുമുറ്റം, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നീ സ്ഥലങ്ങളിലാണ് ഇത് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് ഹാള്‍, പൂജാമുറി എന്നി സ്ഥലങ്ങളിലേക്ക് മാറ്റി കിഴക്കിന് അഭിമുഖമായി ചെയ്യുന്നു.
പച്ചരി പൊടിച്ച് കലക്കിയെടുത്ത മാവ് ഉപയോഗിച്ചാണ് മാവേലി തമ്പുരാനെ സ്വീകരിച്ച് ഇരുത്താനുള്ള ചതുരാകൃതിയിലുള്ള സ്ഥലം ഒരുക്കുന്നത്. ഇതിൻ്റെ നടുക്ക് രണ്ട് ആവണ പലകകള്‍ പടിഞ്ഞാറോട്ട് വാൽ വരുന്ന രീതിയിൽ വയ്ക്കുന്നു. തെക്കു വശത്തെ ആവണ പലക മഹാവിഷ്ണുവിനും വടക്ക് വശത്തെ മഹാബലിക്കും എന്നാണ് സങ്കൽപ്പം. ഇതിന് മുകളിൽ ഓരോ തൂശനില കിഴക്കോട്ട് തലയായി വയ്ക്കുന്നു. ഇതിന് മുകളിലായി മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നു. ഓരോ പീഠത്തിലും കിഴക്ക് പടിഞ്ഞാറായി മൂന്ന് എണ്ണം വീതം വയ്ക്കുന്നു. പിന്നീട് അണിയലിൻ്റെ (മാവ് ഉപയോഗിച്ച് വരച്ച കോലം) അതിരിലൂടെ ഓരോ വശത്തും മൂന്ന് എണ്ണം വരുന്ന രീതിയിലും നടുക്ക് മഹാബലിക്കും മഹാവിഷ്ണുവിനും ഇടയിൽ ഒരെണ്ണം കൂടിയടക്കം ആകെ 15 ഓണത്തപ്പന്മാരെ വയ്ക്കുന്നു. 13 ഓണത്തപ്പന്മാര് മഹാബലിയുടെയും മഹാവിഷ്ണുവിൻ്റെഉം പരിവാരങ്ങളായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ, മുത്തൻ, മുത്തി, ആട്ടുകല്ല്, അമ്മിക്കല്ല്, പിള്ളക്കല്ല്, ചിരവ, ഇവയെല്ലാം മണ്ണുകൊണ്ട് ഉണ്ടാക്കി വയ്ക്കുക. എല്ലാ ഓണത്തപ്പന്മാരെയും അരിമാവ് കൊണ്ട് അണിയിക്കുക. ശേഷം പൂചൂടിക്കുക. തിരുവോണ നാളിൽ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള വഴിയും ഭംഗിയായി ഒരുക്കുക. മാവ് ഉപയോഗിച്ചാണ് വഴി അലങ്കരിക്കുന്നത്.
തിരുവോണ ദിവസം പുലര്‍ച്ചെ തന്നെ ഗൃഹനാഥ എഴുന്നേറ്റ് സ്നാനം ചെയ്ത് ഓണത്തപ്പന്മാരുടെ കിഴക്ക് വശം പടിഞ്ഞാറ്റോട്ട് തിരിയിട്ട് വിളക്ക് തെളിയിക്കുക. ഒരു താലത്തിൽ അഷ്ടമംഗല്യം തയ്യാറാക്കി, അതിലെ വിളക്കും തെളിയിക്കുന്നു. ഈ അഷ്ടമംഗല്യവുമായി മാവേലി തമ്പുരാനെ സ്വീകരിക്കാൻ പോകുന്നു. പടിക്കൽ വരുന്ന മാവേലി തമ്പുരാനെ വിളക്കും അഷ്ടമംഗല്യവും കാണിച്ച് കാൽകഴുകിച്ച് തുമ്പക്കുടം ഇട്ട് ആരാധിച്ച് ആര്‍പ്പുവിളികളോടെ വീട്ടിലേക്ക് എതിരേൽക്കുന്നു. ശേഷം പീഠത്തിൽ ഇരുത്തി തുമ്പക്കുടം ഇട്ട് ആരാധിക്കുന്നു. പ്രതീകാത്മകമായി ഓലക്കുടയും വടിയും അരികിൽ വയ്ക്കുന്നുണ്ട്. ഓണത്തപ്പന് കോടിയുടിപ്പിക്കുന്ന സങ്കൽപ്പത്തിൽ നൂല് കെട്ടുന്നു. വിളക്കിലും മാവേലിക്കും മഹാവിഷ്ണുവിനും ചന്ദനത്തിൽ മുക്കി തുളസിയില ചാര്‍ത്തുന്നു. ഓണത്തപ്പന് മുന്നിലായി രണ്ട് കിണ്ടികള്‍ വയ്ക്കുക. ഒരു കിണ്ടി കൈ കഴുകാനും മറ്റേത് പൂജയ്ക്കുമാണ് ഉപയോഗിക്കുന്നത്.
മഹാവിഷ്ണുവിനും മഹാബലിക്കും പടിഞ്ഞാറ് വശത്തായി നേദിക്കുന്ന ആലിന് മുന്നിലായി അഞ്ച് പൂ വയ്ക്കുക. വലത്തു നിന്ന് ഇടത്തോട്ട് ഗണപതി, സരസ്വതി, ശിവൻ, മഹാവിഷ്ണു, മഹാബലി എന്ന ക്രമത്തിലാണ് പൂ ചാര്‍ത്തുന്നത്. ഇവര്‍ക്ക് മൂന്ന് വെള്ളി , മൂന്ന് ചന്ദനം, മൂന്ന് തുളസിപ്പൂവ് എന്നിവ നൽകുക. ഗണപതിക്ക് ഓം ശ്രീ മഹാഗണപതിയേ നമ, സരസ്വതിക്ക് ശ്രീ സരസ്വതിയേ നമ, ശിവൻ ശ്രീ ശിവായേ നമ, മഹാവിഷ്ണുവിന് ശ്രീ മഹാവിഷ്ണവേ നമ, മഹാബലിക്ക് ശ്രീ മഹാബലിയേ നമ എന്ന് ജപിച്ചുകൊണ്ടാകണം പൂ അര്‍ച്ചിക്കേണ്ടത്. ഇതിന് ശേഷം ഇലയിൽ നേദ്യം നൽകുക. മൂന്ന് വെള്ളം, മൂന്ന് ചന്ദനം, മൂന്ന് പൂവ് ജപിച്ച് നൽകുക. ഓണത്തപ്പന്മാരെ നാല് ദിവസം വീട്ടിൽ വച്ച് അഞ്ചാം ദിവസമാണ് മാറ്റുന്നത്.
#onamritualsandcustoms
#onaaghosham
#onamaacharangal
Ещё видео!