ഇപ്പോള്‍ റിസര്‍വ് ബാങ്കിലെ കരുതല്‍ ധനവുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരും ബാങ്കുമായി ഉണ്ടായിട്ടുള്ള വിവാദം എന്റെ ഓര്‍മ്മയിലേക്ക് 1981-ല്‍ ഇറങ്ങിയ Rise and Fall of Idi Amin എന്ന ചിത്രത്തിലെ ഒരു രംഗമാണ് കൊണ്ടുവരുന്നത്.
ഉഗാണ്ടയിലെ സ്വേച്ഛാധിപതി ആയിരുന്ന ഈദി അമീനെക്കുറിച്ചുള്ള ഒരു ബയോ പിക് ആയിരുന്നു അത്. ഇത്തരം സിനിമകളെ ഞാന്‍ വിമര്‍ശനാത്മകമായാണ് കാണുന്നത്, പോള്‍ പോട്ടിന്റെ കംബോഡിയയെക്കുറിച്ചുള്ള Killing Fields എന്ന സിനിമയെക്കുറിച്ച് എഴുതിയ സന്ദര്‍ഭത്തില്‍ ഞാനത് വ്യക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യയുക്തിയുടെ കണ്ണുകൊണ്ട് മാത്രം ഏഷ്യയെയും ആഫ്രിക്കയേയും കാണുന്ന സമീപനം എനിക്കില്ല. എന്നാല്‍ അതതു ജനതകളുടെ മേല്‍ ഇത്തരം സ്വേച്ഛാധിപതികള്‍ നടത്തിയിട്ടുള്ള ഹിംസയുടെ വേദനിപ്പിക്കുന്ന കഥകളെമുഴുവന് അമേരിക്കന്‍-പാശ്ചാത്യ പ്രോപ്പഗണ്ട മാത്രമായി കാണാനും ഞാന്‍ തയ്യാറല്ല.
ഇപ്പോള്‍ ഇവിടെ ചേര്‍ക്കുന്നതു Rise and Fall of Idi Amin എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു രംഗമാണ്. എന്പതുകളുടെ തുടക്കത്തില്‍ ആണ് ഞാന്‍ ആ ചിത്രം കാണുന്നത്. അന്ന് മുതല്‍ വളരെ വളരെ വര്‍ഷങ്ങളായി എന്റെ മനസ്സില്‍ പതിഞ്ഞു കിടന്നിരുന്ന ഒരു രംഗമാണിത്. എന്നാല്‍ ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ ഒരു കാരണം ഉണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കരുതല്‍ ശേഖരത്തിന്റെ ഒരു ഭാഗം - 3.6 ലക്ഷം കോടി രൂപ നല്കാന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയും റിസര്‍വ് ബാങ്ക് അത് നിരസിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം എന്നോണം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു എന്നും വാര്‍ത്ത ഉണ്ട്. സമ്പദ് വ്യവസ്ഥയുടെ അടിത്തറ മാന്തുന്ന ഒരു നിര്‍ദ്ദേശമായി ഇത് വിമര്‍ശിക്കപ്പെട്ടിരിക്കുന്നു.
ഈദി അമീന്റെ ഭരണം ഉഗാണ്ടയുടെ എല്ലാ സാമ്പത്തിക അടിത്തറയും തകര്‍ത്തു കളഞ്ഞിരുന്നു. കീറക്കടലാസിന്റെ വില പോലുമില്ലാതെ ഉഗാണ്ടന്‍ കറന്‍സിയുടെ വില നിപതിച്ചു നിലം തൊട്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ ഈദി ആമേന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ സമീപിക്കുന്നതാണ് രംഗം.
ഗവര്‍ണര്‍: യുവര്‍ എക്സലന്‍സി, അത്ഭുതമായിരിക്കുന്നു , താങ്കള്‍ക്കു സ്വാഗതം.
ഈദി അമീന്: എന്ത് സ്വാഗതം. എനിക്ക് പണം വേണം. എനിക്ക് കുറഞ്ഞത് ഒരു മില്ല്യന്‍ ഡോളര്‍ എങ്കിലും ഉടനെ വേണം. ഇന്റലിജന്‍സ് മിഷന് ആരംഭിക്കാന്‍ ഉള്ള പണമാണ്. ഈ പണം ഉടനെ വേണം എന്ന് തന്നോട് ഞാന്‍ ഫോണില്‍ പറഞ്ഞിരുന്നില്ലേ?
ഗവര്‍ണര്‍: യുവര്‍ എക്സലന്‍സി, ഞാന്‍ താങ്കളോട് പറഞ്ഞിരുന്നല്ലോ, നമ്മള് പാപ്പരായിരിക്കുകയാണ്. നമ്മുടെ കയ്യില്‍ വിദേശ കറന്‍സിയെ ഇല്ല.
ഈദി അമീന്: ഇല്ലെങ്കില്‍ അടിക്കണം.
ഗവര്‍ണര്‍: യുവര്‍ എക്സലന്‍സി, അതത്ര ലളിതമല്ല. നമുക്ക് വിദേശ കറന്‍സി അടിക്കാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ നമ്മുടെ വിദേശ സപപ്ലയെര്സിനോട് പണം പിന്നെ തരാം എന്ന് പറയുന്നത് വിശ്വസിപ്പിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഉഗാണ്ട ഷില്ലിംഗ് എല്ലാം മൂല്യവും നഷ്ടപ്പെട്ട കറന്‍സി ആയിരിക്കുന്നു. വിദേശ വിപണിയില്‍ സത്യത്തില്‍ നമ്മുടെ കറന്‍സിക്ക് ടോയ്ലറ്റ് പേപ്പറിന്റെ വില പോലുമില്ല.
ഈദി അമീന്: ടോയ്ലറ്റ് പേപ്പറോ? താന്‍ ഉഗാണ്ടന്‍ കറന്‍സിയെ മലം എന്ന് വിളിക്കുന്നോ? (പട്ടാളക്കാരോട്) ഇയാളെ വലിച്ചു കൊണ്ട് പോ. മലം എങ്ങനെയാണ് നമ്മള് കൈകാര്യം ചെയ്യുന്നതെന്ന് ഇയാള്‍ക്ക് കാണിച്ചു കൊടുക്ക്.
റിസര്‍വ് ബാങ്ക് ഗവര്‍ണറെ പട്ടാളക്കാര്‍ വലിച്ചു കൊണ്ട് പോവുമ്പോള്‍ അവിടെ നിന്നിരുന്ന ഒരു പയ്യനോട് ഈദി ആമേന്‍ ചോദിക്കുന്നു: എന്താ തന്റെ പേര് ?
അയാള്‍: ജോണ്‍. ജോണ്‍ ഓക്കെ. യുവര്‍ എക്സലന്‍സി.
ഈദി അമീന്: നീ ആണ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. നീ ഉടനെ എനിക്ക് വേണ്ടി കുറെ പണം അടിക്കണം.
പയ്യന്: ചെയ്യാം യുവര്‍ എക്സലന്‍സി. താങ്കള്‍ക്ക് എത്ര പണം വേണമെങ്കിലും ഞാന്‍ അടിച്ചു തരാം.
ചിത്രത്തില്‍ തുടര്‍ന്നുള്ള രംഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ ക്രൂരമായി തല്ലിക്കൊന്നു കത്തിക്കുകയാണ് എന്നാണ് എന്റെ ഓര്‍മ്മ.
ചിത്രത്തിലെ ഈദി അമീനോളം സാമ്പത്തിക നിരക്ഷരത മോദിക്കോ ജെയ്ട്ട്ലിക്കോ ഇല്ലെന്നു നമുക്കറിയാം. ഇന്ത്യയിലെ റിസര്‍വ് ബാങ്ക് ഗവര്‍ണറെ അടിച്ചു കൊന്നു കരുതല്‍ ധനം എടുക്കാന്‍ കഴിയുകയുമില്ല.
പക്ഷെ രാജ്യത്തിന്റെ മാറുന്ന അവസ്ഥയെ ഈ രംഗം എത്ര കൃത്യമായി നമുക്ക് കാണിച്ചു തരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ ഉള്ളത് ജനങ്ങള്‍ക്കാണ്. ഇന്ത്യന്‍ കറന്‍സിയുടെ വില കൂപ്പു കുത്തുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിiലേക്ക് സര്‍ക്കാരിന്റെ കൈകള്‍ നീണ്ടു ചെല്ലുന്നു. അത് സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നു റിസര്‍വ് ബാങ്ക് സര്‍ക്കാരിന്റെ ഓര്‍മ്മിപ്പിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഭയമുണ്ട്, രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നോര്‍ക്കുമ്പോള്‍.
Ещё видео!