വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് ഏറെ ശ്രദ്ധ നൽകേണ്ടതുണ്ട്. ചർമ്മം അമിതമായി വരണ്ടുണങ്ങുന്നതും, ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതും, പാടുകൾ പ്രത്യക്ഷപ്പെടുന്നതുമെല്ലാം വേനൽക്കാലത്ത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. വേനൽക്കാലത്ത് ചർമ്മത്തിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ഇതിനുള്ള ചികിത്സയെക്കുറിച്ചുമാണ് കൊച്ചി അമൃത ആശുപത്രിയിലെ ത്വക്രോഗ വിഭാഗം (Dermatology) അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മി . എസ് സംസാരിക്കുന്നത്.
വേനൽക്കാലത്ത് ചർമ്മത്തിൽ സാധാരണയായി കാണാറുള്ള പ്രശ്നങ്ങളിലൊന്ന് ചൂടുകുരുവാണ്. വിയർപ്പ് ഗ്രന്ഥികളുടെ കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കാണ് ചൂടുകുരു ഉണ്ടാകാനുള്ള കാരണം. മറ്റൊന്നാണ് സ്കിൻ റാഷ് (Skin rash ). ഇത് ഏത് പ്രായക്കാരിലും കാണപ്പെടാവുന്നതാണെങ്കിലും ഇതിന് ചികിത്സ തേടിയെത്തുന്നവരിൽ അധികവും 30 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. വേനൽക്കാലത്ത് ചർമ്മത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് സൂര്യാഘാതം (Sunburn) . കഠിനമായ വെയിലേൽക്കുന്നതാണ് സൂര്യാഘാതത്തിന് കാരണം. 10 മണിക്കും 4 മണിക്കും ഇടയിലുള്ള സമയത്തെ വെയിലാണ് സൂര്യാഘാതത്തിന് കാരണമാകാറുള്ളത്.
സാധാരണയായി ചുമന്നു തടിച്ച പാടുകളാണ് സൂര്യാഘാതം ഏൽക്കുന്നവരിൽ കാണാറുള്ളത്. ചർമ്മത്തിൽ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഗുരുതരമായി സൂര്യാഘാതം ഏൽക്കുന്നവരിൽ പൊള്ളലേറ്റതു പോലെ ചർമ്മത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും. വേനൽക്കാലത്ത് ചർമ്മത്തിൽ അണുബാധകളും കൂടുതലായി ഉണ്ടാകാറുണ്ട്. ഫംഗൽ ഇൻഫെക്ഷനിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത് ചുണങ്ങാണ്. വട്ടച്ചൊറിയും സാധാരണയായി ഉണ്ടാകുന്ന മറ്റൊരു അണുബാധയാണ്. അൽപ്പം ശ്രദ്ധിച്ചാൽ വേനൽക്കാലരോഗങ്ങളിൽ നിന്ന് നമ്മുടെ ചർമ്മത്തെ നമുക്ക് സംരക്ഷിക്കാനാകും.
#youtube #summer_skincare #skincare #summer_tips #AmritaHospitals #CompassionateCare #ExceptionalTechnology
Ещё видео!